Wednesday 17 January 2018

രജനിക്ക് പിന്നാലെ കമലും ; രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കുമെന്ന് കമല്‍ ഹാസന്‍


ഉലകനായകന്‍ കമല്‍ ഹാസന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. അന്നുതന്നെ തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നു സംസ്ഥാനവ്യാപകമായ പര്യടനവും ആരംഭിക്കുമെന്നും താരം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വിവിധ ഘട്ടങ്ങളിലായാണു പര്യടനം നടക്കുക.കമലിന്റെ ജന്മനാടാണു രാമനാഥപുരം. ഇവിടെനിന്ന് ആരംഭിക്കുന്ന പര്യടനം പിന്നീട് മധുര, ഡിണ്ടിഗല്‍, ശിവഗംഗ എന്നീ ജില്ലകളിലും നടത്തും. ഇതോടെ ഔദ്യോഗികമായി കമല്‍ ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കും. പര്യടനത്തിന്റെ ആരംഭത്തില്‍ത്തന്നെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരു പ്രഖ്യാപിക്കുമെന്നും നയങ്ങളും മുന്നോട്ടു നയിക്കേണ്ട തത്വങ്ങളും പ്രഖ്യാപിക്കുമെന്നും കമല്‍ അറിയിച്ചു.തമിഴ്നാട് രാഷ്ട്രീയത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മാറാത്ത സാഹചര്യങ്ങളോട് പടപൊരുതാനാണ് താന്‍ ഇറങ്ങുന്നത്. ഈ പോരാട്ടം വിജയിക്കണമെങ്കില്‍ ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും എന്താണെന്ന് അറിയണം. അവരുടെ പ്രശ്നങ്ങളെ കുറിച്ച്‌ അറിയണം, അതിനൊക്കെ പരിഹാരം കണ്ടെത്തണം എന്നും കമല്‍ പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനൊപ്പം പാര്‍ട്ടിയുടെ നയങ്ങളും തത്വങ്ങളും പ്രഖ്യാപിക്കും. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ആയിരിക്കും തന്റെ മുന്നോട്ടുള്ള പോക്ക്. ഗ്ലാമര്‍ പരിവേഷത്തിലോ വിപ്ലവമുണ്ടാക്കാനോ അല്ല തന്റെ പര്യടനം. ജനങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഉള്ള ഒരു അവസരമായാണ് താന്‍ ഇതിനെ കാണുന്നത്.തെറ്റായ പല കാര്യങ്ങളെയും ചോദ്യം ചെയ്യാന്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ തയാറാകണം. സംസ്ഥാനത്തെ ക്ഷേമപ്രവര്‍ത്തനങ്ങളും ഭരണനിര്‍വഹണവും ഉയര്‍ത്തിക്കൊണ്ടുവരണം. ഈ ലക്ഷ്യം നേടുന്നതിനാണു തന്റെ പര്യടനം. സംസ്ഥാനത്തെയും രാജ്യത്തെയും ശക്തമാക്കാന്‍ തനിക്കൊപ്പം ചേരാന്‍ കമല്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച്‌ നടപ്പാക്കുകയും ഭരണനിര്‍വഹണം സുതാര്യമാവുകയും വേണമെന്നും കമല്‍ പറഞ്ഞു.

No comments:

Post a Comment