Sunday 14 January 2018

ഹരിവരാസനം പുരസ്കാരം കെ.എസ് ചിത്രയ്ക്ക് സമ്മാനിച്ചു


മതസൗഹാര്‍ദത്തിനും ദേശീയോദ്ഗ്രഥനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ കേരള സര്‍ക്കാര്‍ നല്‍കുന്ന 2018ലെ ഹരിവരാസനം പുരസ്കാരം പ്രശസ്ത ഗായിക കെ.എസ് ചിത്രയ്ക്ക് സന്നിധാനത്ത് ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. ചിത്ര തന്റെ സുദീര്‍ഘമായ ഗാനജീവിതത്തിനിടയില്‍ രാജ്യത്തിന്റെ മതസൗഹാര്‍ദത്തിനും ദേശീയോദ്ഗ്രഥനത്തിനും ധാരാളം സംഭാവനകള്‍ നല്‍കിയതായി മന്ത്രി പറഞ്ഞു. മലയാളത്തിലും വിവിധ ഇന്ത്യന്‍ ഭാഷകളിലുമായി ഇരുപതിനായിരത്തോളം ഗാനങ്ങള്‍ ആലപിക്കുക എന്നത് അപൂര്‍വമായ നേട്ടമാണ്.മലയാളത്തിന്റെ ഓമനപുത്രിയും സ്വകാര്യ അഹങ്കാരവുമായ ചിത്ര യേശുദാസിനൊപ്പം ചേര്‍ത്തുവെക്കാവുന്ന അതുല്യ ഗായികയാണ്. ഹരിവരാസനം പുരസ്കാരം ലഭിക്കുന്ന ആദ്യ വനിതയാണ് ചിത്രയെന്നും മന്ത്രി പറഞ്ഞു. തനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്കാരമാണിതെന്ന് മറുപടി പ്രസംഗത്തില്‍ ചിത്ര പറഞ്ഞു. മാളികപ്പുറമായി ഇരുമുടിക്കെട്ടേന്തി അയ്യപ്പ ദര്‍ശനം നടത്തിയാണ് ചിത്ര പുരസ്കാരം സ്വീകരിക്കാനെത്തിയത്.ശ്രീധര്‍മശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ബി. അജയകുമാര്‍ പ്രശസ്തി പത്രം വായിച്ചു. ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് എസ്.സിരിജഗന്‍ മുഖ്യപ്രഭാഷണം നടത്തി. റിട്ട. ജസ്റ്റിസ് അരിജിത് പസായത്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍, ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ്, കമീഷണര്‍ സി.പി രാമരാജപ്രേമ പ്രസാദ്, നടന്‍ ജയറാം എന്നിവര്‍ സംസാരിച്ചു.
സോപാന സംഗീതത്തോടെയാണ് ചടങ്ങിന് തുടക്കമായത്.
പുരസ്കാരം സ്വീകരിച്ച ശേഷം ചിത്ര സ്വാമിഭക്തിയിലലിഞ്ഞ് നടത്തിയ ഗാനാര്‍ച്ചന തീര്‍ഥാടകര്‍ക്ക് വിരുന്നായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഗാനമാലപിച്ച്‌ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തരുടെ നിറഞ്ഞ കൈയടി നേടി.
2012ലാണ് ആദ്യമായി ഹരിവരാസനം അവാര്‍ഡ് നല്‍കിയത്. അത് കെ ജെ യേശുദാസിനായിരുന്നു. ജയന്‍(ജയവിജയ), പി.ജയചന്ദ്രന്‍, എസ്.പി ബാലസുബ്രഹ്മണ്യന്‍, എം.ജി ശ്രീകുമാര്‍, ഗംഗൈ അമരന്‍ എന്നിവര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുരസ്കാരത്തിന് അര്‍ഹരായി.

No comments:

Post a Comment