Sunday 14 January 2018

നീതി തേടിയുള്ള ശ്രീജിത്തിന്റെ പോരാട്ടത്തിന് പിന്തുണയുമായി തലസ്ഥാനത്ത് അണിനിരന്നത് പതിനായിരങ്ങള്‍

Image may contain: 5 people, people standing and text
ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിനെ പിന്തുണച്ച്‌ തിരുവനന്തപുരം നഗരത്തിലിറങ്ങിയത് ആയിരങ്ങള്‍. മത- രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സാംസ്കാരിക കേരളം ഒറ്റക്കെട്ടായ് നിന്നാണ് ശ്രീജിത്തിനെ പിന്തുണ അറിയിച്ചത്. സഹോദരന്റെ കൊലയാളികളായ പോലീസുകാരെ ശിക്ഷിക്കണം എന്ന ആവശ്യവുമായി ശ്രീജിത്ത് നടത്തുന്ന സമരത്തിന് സമൂഹമാധ്യമകൂട്ടായ്മകളാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മുന്നിട്ടിറങ്ങിയത്. മല്ലു സൈബർ സോൾഡീർസ്  ഔട്ട് സ്പോക്കനും ട്രോൾ മലയാളവും തുടങ്ങിയ  വിവിധ സൈബര്‍ ഗ്രൂപ്പുകളുടെ ആഹ്വാനം അനുസരിച്ച്‌ തിരുവനന്തപുരത്ത് ശ്രീജിത്ത് സമരം നടത്തുന്ന സെക്രട്ടറിയേറ്റ് പടിക്കലേക്ക് ആയിരക്കണക്കിന് യുവാക്കളാണ് എത്തിയത്.നടന്‍ ടൊവിനോ തോമസും ശ്രീജിത്തിനെ സന്ദര്‍ശിച്ച്‌ പിന്തുണ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് താന്‍ പ്രതിഷേധത്തെ കുറിച്ച്‌ താന്‍ അറിഞ്ഞതെന്നും നീതിക്ക് വേണ്ടിയാകും ശ്രീജിത്ത് കഷ്ടപ്പെടുന്നതെന്നറിയാം. അതുകൊണ്ടാണ് താനും പിന്തുണ അറിയിക്കാന്‍ എത്തിയതെന്ന് ടൊവിനോ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയം ഉന്നയിച്ച മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും ടൊവിനോ പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടികളെ പടിക്കു പുറത്തു നിര്‍ത്തിക്കൊണ്ടാണ് തങ്ങള്‍ ശ്രീജിത്തിന് പിന്തുണയുമായി എത്തുന്നതെന്ന് യുവാക്കള്‍ പറഞ്ഞു. ശ്രീജിത്തിന് നീതി തേടിക്കൊടുക്കാന്‍ ഒപ്പമുണ്ടാകുമെന്ന് ഇവര്‍ ഉറക്കെ പറഞ്ഞു. സാധാരണ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ക്കാണ് വന്‍ ജനക്കൂട്ടം ഉണ്ടാകാറ്. എന്നാല്‍, രാഷ്ട്രീയം മറന്ന് ആളുകള്‍ തലസ്ഥാനത്തേക്ക് ഒഴുകി എത്തിയതോടെ നീതിക്ക് വേണ്ടിയുള്ള മുറവിളികളായി എങ്ങും.പ്രമുഖര്‍ക്ക് മാത്രമല്ല, സാധാരണക്കാരനും നീതി ലഭിക്കണമെന്ന ആഹ്വാനം ചെയ്തുകൊണ്ടാണ് യുവാക്കള്‍ തെരുവിലെത്തിയത്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് മുദ്രാവാക്യം വിളികളുമായി വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ ബാനറുകളിലായാണ് ആളുകള്‍ തെരുവിലേക്ക് ഒഴുകിയെത്തിയത്. ആയിരക്കണക്കിന് ആളുകള്‍ ഒഴുകി എത്തിയെങ്കിലും ഗതാഗതം പൂര്‍ണമായും സ്തംഭിക്കാതിരിക്കാനും പ്രതിഷേധക്കാര്‍ ശ്രദ്ധിച്ചു. അമിതാവേശം അരുതെന്നും സ്വയം നിയന്ത്രിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനകള്‍ എല്ലാവരും ചെവിക്കൊണ്ടു.
പ്രമുഖനല്ലാത്ത ശ്രീജിത്തിന് വേണ്ടി തുടങ്ങിയ ഹാഷ് ടാഗ് പ്രചരണമാണ് ഇപ്പോള്‍ തെരുവിലെത്തിയിരിക്കുന്നത്. നിഷേധിക്കപ്പെട്ട നീതി ലഭിക്കാന്‍ പ്രമുഖനല്ലാത്ത ഒരു സാധാരണക്കാരന് വേണ്ടിയാണ് സൈബര്‍ ലോകം ഒറ്റക്കെട്ടായാണ് തെരുവിലിറങ്ങിയത്. വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണ് സമരവുമായി രംഗത്തുള്ളത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും യുവാക്കളുടെ മാര്‍ച്ച്‌ ആരംഭിച്ചത്. വിവിധ സോഷ്യല്‍ മീഡിയ ട്രോള്‍ ഗ്രൂപ്പുകളും ഹാക്കര്‍മാരും മറ്റ് വാട്സ് ആപ്പ് കൂട്ടായ്മകളില്‍ പെട്ടവരും അടക്കം വിവിധ നവമാധ്യമ കൂട്ടായ്മകളില്‍ അംഗമായവരാണ്.
 സമൂഹത്തിന്റെ നാനാ തുറയില്‍ പെട്ടവര്‍ സമരത്തിന് എത്തിയത് ഐതിഹാസിക സമരത്തിന്റെ വിജയമായി മാറി. സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് സമരത്തില്‍ പങ്കെടുക്കാന്‍ ഒഴുകി എത്തിയത്..

No comments:

Post a Comment