Friday 19 January 2018

കാല്‍നൂറ്റാണ്ടിന് ശേഷം റഹ്മാന്‍ മലയാളത്തിലെത്തുന്നു; തിരിച്ചുവരവ് ആടുജീവിതത്തിന് ഈണമൊരുക്കി


കാല്‍നൂറ്റാണ്ടിന് ശേഷം മലയാളികള്‍ക്ക് സമ്മാനിക്കാന്‍ പുതിയ ഈണങ്ങളുമായി എ.ആര്‍.റഹ്മാന്‍ എത്തുന്നു. ബ്ലെസിയുടെ ആടുജീവിതത്തിലൂടെയാണ് മോളിവുഡിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ റഹ്മാന്‍ ഈണമിടുന്ന രണ്ട് പാട്ടുകളുണ്ടാകുമെന്ന് ബ്ലസി മാതൃഭൂമിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം ദുബായില്‍ എ.ആര്‍.റഹ്മാനും മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച്‌ സൂചിപ്പിച്ചിരുന്നു.'പ്രവാസജീവിതത്തിലെ യാതനകളും ഒറ്റപ്പെടലുമാണ് ആടുജീവിതം. ഏകാന്തതയ്ക്ക് സംഗീതത്തിന്റെ ഭാഷ നല്‍കുന്നതിനാണ് എ.ആര്‍.റഹ്മാനെന്ന പ്രതിഭയെതന്നെ സമീപിച്ചത്. പ്രപഞ്ചത്തില്‍ ഏറ്റവും വലിയവനെന്ന് കരുതുന്ന മനുഷ്യന്‍ താന്‍ വെറുമൊരു കണികമാത്രമെന്ന് തിരിച്ചറിയുന്നതിലെ ആത്മീയത സംഗീതത്തിലൂടെയാണ് ഹൃദയങ്ങളിലേക്കെത്തുക. ഏതു ഭാഷ സംസാരിക്കുന്ന പ്രേക്ഷകന്റെയും ഉള്ളില്‍ പതിയ്ക്കുന്ന സംഗീതാനുഭവമായിരിക്കും ആടുജീവിതത്തിലേത്. ആ സാധ്യതതന്നെയാണ് അദ്ദേഹത്തെയും ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ പ്രേരിപ്പിച്ചത്'- ബ്ലെസിയുടെ വാക്കുകള്‍. സംഗീത് ശിവന്റെ സംവിധാനത്തില്‍ 1992-ല്‍ പുറത്തിറങ്ങിയ യോദ്ധയിലൂടെയായിരുന്നു സംഗീത സംവിധായകനായി റഹ്മാന്റെ അരങ്ങേറ്റം. എന്നാല്‍ പിന്നീടദ്ദേഹത്തെ മലയാളികള്‍ക്ക് കിട്ടിയില്ല. തമിഴിലും ഹിന്ദിയിലും റഹ്മാനിയ പടര്‍ന്നുപിടിച്ചു. സ്ലംഡോഗ് മില്യനയറിലെ ജയ് ഹോ എന്ന ഗാനത്തിലൂടെ ഓസ്കാര്‍ സ്വന്തമാക്കി.റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുമെന്ന് ഇടക്ക് വാര്‍ത്തകളുണ്ടായെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല. ഇപ്പോള്‍ കാത്തിരിപ്പ് അവസാനിക്കുകയാണ്. സംഗീത സപര്യയുടെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് മലയാളത്തിലേക്കുള്ള റഹ്മാന്റെ തിരിച്ചുവരവെന്നതും ശ്രദ്ധേയമാണ്.റസൂല്‍ പൂക്കുട്ടിയാണ് ആടുജീവിതത്തിന് ശബ്ദമിശ്രണം നിര്‍വഹിക്കുന്നത്. പാട്ടുകളുടെ റെക്കോര്‍ഡിങ് ഫെബ്രുവരിയിലുണ്ടാകും. പൃഥ്വിരാജാണ് ചിത്രത്തില്‍ നായകന്‍.

No comments:

Post a Comment