Sunday 14 January 2018

പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കിയതിന്റെ രസീത്, സിബിഐക്ക് അന്വേഷണം കൈ മാറാനുള്ള ഉത്തരവ് എന്നിവ ഹാജരാക്കി തങ്ങള്‍ എല്ലാം യഥാക്രമം ചെയ്തെന്ന ന്യായം; കേന്ദത്തിന്റെ കളത്തിലാണ് പന്ത് എന്നതിനാല്‍ സമരം കൊണ്ടൊരു കാര്യവും ഇല്ലെന്ന് മറ്റൊരു ന്യായം; ശ്രീജിത്തിന് സര്‍ക്കാര്‍ ജോലി കിട്ടാത്തത് മാത്രമാണ് പ്രശ്നം എന്നു പോലും തള്ളി ചിലര്‍; ആ കേസിന് സത്യത്തില്‍ എന്താണ് സംഭവിച്ചത്?

സെക്രട്ടേറിയറ്റിനു മുന്നില്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ നടത്തുന്ന സമരം കേരളത്തെ ഇളക്കി മറിക്കുകയാണ്. ശ്രീജിത്തിനു ലഭിക്കുന്ന പിന്തുണ ഇപ്പോഴത്തെ ഭരണ കക്ഷി എന്ന നിലയ്ക്ക് ഇടതു സര്‍ക്കാറിനെതിരായ പ്രഹരം ആവുമെന്ന തോന്നലു കൊണ്ടാവും ന്യായീകരണ തൊഴിലാളികള്‍ പല വിധ ന്യായങ്ങളുമായാണ് ഇറങ്ങുന്നത്.
പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കിയതിന്റെ രസീത്, സിബിഐക്ക് അന്വേഷണം കൈ മാറാനുള്ള ഉത്തരവ് എന്നിവ ഹാജരാക്കി തങ്ങള്‍ എല്ലാം യഥാക്രമം ചെയ്തെന്ന ന്യായമാണ് കൂട്ടത്തില്‍ മുമ്ബില്‍. കേന്ദത്തിന്റെ കളത്തിലാണ് പന്ത് എന്നതിനാല്‍ സമരം കൊണ്ടൊരു കാര്യവും ഇല്ലെന്നായിരുന്നു മറ്റൊരു ന്യായം. പൊലീസുകാര്‍ക്ക് എതിരെ നടപടി എടുത്തു എന്നും ശ്രീജിത്തിന് സര്‍ക്കാര്‍ ജോലി കിട്ടാത്തത് മാത്രമാണ് പ്രശ്നം എന്നു പോലും തള്ളി ചിലര്‍. ആ ചെക്കന് പ്രാന്താണെന്നായിരുന്നു തല മൂത്ത ചില പക്വമതികളുടെ വായ്ത്താരി.എന്നാല്‍ അത്ര ലളിതമാണോ കാര്യങ്ങള്‍? അത്ര നിഷ്കളങ്കമാണോ സര്‍ക്കാറിനു വേണ്ടിയുള്ള ന്യായീകരണങ്ങള്‍?ശ്രീജിത്തിന്റെ ആവശ്യം നീതി ആയിരുന്നു. പ്രതികള്‍ ശിക്ഷിക്കപ്പെടുക. അതിനു കേരള പൊലീസ് സംവിധാനങ്ങള്‍ക്ക് കഴിയില്ലെന്ന തോന്നലിലാണ് ആ ചെറുപ്പക്കാരന്‍ സി ബി ഐ അന്വേഷിക്കണം എന്ന് ആദ്യമേ ആവശ്യപ്പെട്ടത്. സിബിഐയുടെ ക്രെഡിബിലിറ്റി, അതിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍, അതിനു വരുന്ന കാലതാമസം, നീതി കിട്ടുമോ എന്നുറപ്പിക്കാനാവാത്ത ട്രാക്ക് റെക്കോര്‍ഡ് എന്നിവയൊന്നും പരിഗണിക്കാതെയുള്ള നാട്ടിന്‍ പുറതുകാരന്‍ യുവാവിന്റെ വൈകാരികമായ ഒരു തോന്നല്‍ ആയിരുന്നു അത്. പൊലീസില്‍ അയാള്‍ക്ക് അവിശ്വാസം ഉണ്ടാവാന്‍ കാരണം പാറശ്ശാല പൊലീസിന്റെ ഇടപെടലുകള്‍ കണ്ട പരിചയം തന്നെ ആയിരുന്നു. ഏതോ പൊലീസകാരന്റെ ബന്ധുവിനെ പ്രേമിച്ചാല്‍ കള്ള കേസില്‍ കുടുക്കി ആരെയും കൊന്നു കളയാമെന്ന വിശ്വസിക്കുന്ന ആ പൊലീസുകാരെ അറിയുന്ന ആര്‍ക്കാണ് കേരളാ പൊലീസിനെ പിന്നെയും വിശ്വസിക്കാന്‍ കഴിയുക. അങ്ങനെയാണ് അയാള്‍ മനുഷ്യാവകാശ കമീഷനെയും പൊലീസ് കം പ്ലെയിന്റ് അഥോറിറ്റിയെയും സമീപിക്കുന്നത്.ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തില്‍ ശ്രീജിത്ത് തന്നെ പറയും പൊലെ, അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് മാത്രമായിരുന്നു അയാള്‍ക്ക് വിശ്വസിക്കാന്‍ പറ്റിയ രണ്ടു പേരില്‍ ഒരാള്‍. മറ്റേയാള്‍ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥ നളിനി നെറ്റോ ആയിരുന്നു. ജസ്റ്റിസ് കുറുപ്പ്, ആത്മഹത്യയായി മാറ്റിയ ആ മരണം പൊലീസുകാര്‍ നടത്തിയ അരും കൊല ആണെന്ന് ഉത്തരവില്‍ തുറന്നു പറഞ്ഞു. തെളിവുകള്‍ നിരത്തി. മൂന്ന് പ്രധാന നിര്‍ദ്ദേശങ്ങളും നല്‍കി. ആ നിര്‍ദ്ദേശം നടപ്പാക്കിയിരുന്നെങ്കില്‍, അതിനെതിരായ സ്റ്റേ നീക്കാന്‍ ഇടപെട്ടിരുന്നെങ്കില്‍ കേരള സര്‍ക്കാറിന് ശ്രീജിത്തിന് നീതിനല്‍കുക എളുപ്പമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.മൂന്ന് കാര്യങ്ങളാണ് പ്രധാനമായും പൊലീസ് കം പ്ലെയിന്റ് അഥോറിറ്റിയുടെ ഉത്തരവില്‍ ഉള്ളത്. പൊലീസുകാര്‍ക്കെതിരെ ശിക്ഷാനടപടി, പത്ത് ലക്ഷം രൂപ ആരോപണ വിധേയരില്‍ നിന്നും ഈടാക്കി കുടുംബത്തിനു നഷ്ടപരിഹാരം നല്‍കല്‍. പത്ത് ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘം രൂപവല്‍കരിച്ച്‌ അന്വേഷണം ആരംഭിക്കുക. ആ ഉത്തരവില്‍ പൊലീസുകാര്‍ നടത്തിയ കുറ്റകൃത്യം വ്യക്തമായ തെളിവുകളോടെയാണ് വിശദീകരിക്കുന്നത്.
എന്നാല്‍ മുമ്ബും പല വിധ ആരോപണങ്ങള്‍ ഉണ്ടായിരുന്ന അന്നത്തെ പാറശാല എസ് ഐ ഗോപകുമാര്‍ ഹൈ കോടതിയെ സമീപിച്ചപ്പോള്‍ എളുപ്പം സ്റ്റേ ഓര്‍ഡര്‍ കിട്ടി. ജസ്റ്റിസ് കുറുപ്പിന്റെ ഉത്തരവിനെ അതിജയിക്കാന്‍ എളുപ്പം ആരോപണ വിധേയര്‍ക്ക് കഴിഞ്ഞു. അതെങ്ങനെ സാധ്യമായി? അത് ദുരൂഹമാണ്. അവ്യക്തതകളുള്ള ആ സ്റ്റേ ഉത്തരവ് നീക്കാന്‍ അന്നേ സര്‍ക്കാറിന് കഴിയുമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. പകരം ആ സ്റ്റേ ഓര്‍ഡര്‍ പൊലീസുകാര്‍ക്ക് പറ്റിയ വിധം വ്യാഖ്യാനിച്ച്‌ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഉടന്‍ ഉത്തരവ് ഇറക്കുക ആയിരുന്നു.
പൊലീസുകാര്‍ക്ക് എതിരായ നടപടി, അവരില്‍ നിന്നും നഷ്ടപരിഹാര തുക ഇടാക്കല്‍, എസ് ഐ ടി അന്വേഷണം എന്നിവയ്ക്ക് സ്റ്റേ വന്നതായാണ് പൊലീസ് ഉന്നതന്‍ ഇറക്കിയ ഉത്തരവ് പറയുന്നത്.
അവിടെ തീര്‍ന്നു എല്ലാം.കുറ്റക്കാരായി ജസ്റ്റിസ് നാരായണ കുറുപ്പ് കണ്ടെതിയ പൊലീസുകാര്‍ക്ക് എതിരെ ഇന്നു വരെ ഒരു നടപടിയും ഉണ്ടായില്ല. നഷ്ട പരിഹാര തുക സര്‍ക്കാര്‍ തന്നെ നല്‍കി. ബി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചെങ്കിലും ഒന്നും നടന്നില്ല.ഇതോടെയാണ് സിബിഐ അന്വേഷിക്കണമെന്ന ശ്രീജിത്തിന്റെ ആവശ്യത്തിന്റെ ചുവടു പിടിച്ച്‌ പുതിയ കളി വന്നത്. ഉടന്‍ കേസ് സിബിഐക്ക് കൈ മാറാന്‍ നീക്കം തുടങ്ങി. കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടു കത്ത് നല്‍കി. പന്ത് കേന്ദ്രത്തിന്റെ കളത്തില്‍ ആയതോടെ സൗകര്യങ്ങള്‍ പലതായി.
ശ്രീജിത്തിന്റെ ആവശ്യം ആംഗീകരിച്ചു എന്ന പ്രതീതി വന്നു. പൊലീസ് കമ്ബ്ലൈന്റ് അഥോറിറ്റിയുടെ ശുപാര്‍ശ നടപ്പാക്കേണ്ടതില്ല എന്നു വന്നു. ഹൈ കോടതിയുടെ സ്റ്റേ നീക്കേണ്ടതില്ല എന്നായി. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നിര്‍ത്താമെന്നായി. പ്രതികളില്‍ നിന്നും വാങ്ങേണ്ട നഷ്ട പരിഹാര തുക സര്‍ക്കാര്‍ തന്നെ നല്‍കിയതോടെ എല്ലാം സേഫ് ആയി.ഇനി ആ ചെറുക്കന്‍ അവിടെ കിടന്ന് സമരം ചെയ്താല്‍ എന്താവാന്‍?വല്ല പ്രതിഷേധവും ഉയര്‍ന്നാല്‍ തന്നെ സി ബി ഐ തീരുമാനിക്കട്ടെ എന്ന് പറഞ്ഞൊഴിയാമല്ലോ!
മാധ്യമങ്ങള്‍ക്ക് എന്നും ശ്രീജിത്തിന്റെ കാര്യം നോക്കാന്‍ പറ്റില്ല. ആളുകള്‍ക്ക് കുറച്ച്‌ കഴിയുമ്ബോള്‍ മടുക്കും. ആ ചെറുക്കന്‍ എത്ര നാള്‍ അവിടെ കിടന്നാലും ഒന്നും സംഭവിക്കില്ല.ഇതായിരുന്നു ഏമാന്മാരുടെ മനസ്സിലിരിപ്പ്. അതാണിപ്പോള്‍ പൊളിഞ്ഞത്.2017 ഡിസംബര്‍ 12 ന് അന്വേഷണം പറ്റില്ലെന്ന് പറഞ്ഞ് സി ബി ഐ അയച്ച കത്ത് ഇപ്പോള്‍ മാത്രം പൊങ്ങാന്‍ കാരണം അതാണ്. ആ കത്തിന്റെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിക്കാമെന്നും പഴയ കോടതി സ്റ്റേ നീക്കാന്‍ അടിയന്തിരമായി ഇടപെടാമെന്നും സര്‍ക്കാറിന് ബോധോദയം വന്നത് വിമര്‍ശനങ്ങള്‍ തങ്ങള്‍ക്ക് നേരെ വരുമെന്ന ഭയം കൊണ്ടു തന്നെയാണ്.സത്യത്തില്‍, ഈ കേസില്‍ നീതി ഉറപ്പു വരുത്തണം എന്ന ഇച്ഛാശക്തി സര്‍ക്കാര്‍ കാണിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ നേരത്തെ ശരിയാക്കാമായിരുന്നു. പൊലീസ് കമ്ബ്ലൈയിന്റ് അഥോറിറ്റിയുടെ ഉത്തരവ് നടപ്പാക്കുക, ഹൈ കോടതിയുടെ സ്റ്റേ നീക്കുക എന്നീ കാര്യങ്ങള്‍ അന്ന്ചെ യ്തിരുന്നെങ്കില്‍ ശ്രീജിത്ത് ഇത്ര നാള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കിടക്കേണ്ടി വരില്ലായിരുന്നു. ആ അമ്മയുടെ കണ്ണീരിന് ഉത്തരം കിട്ടുമായിരുന്നു. പാവം മനുഷ്യരെ തല്ലിക്കൊന്നാല്‍ പിടി വീഴുമെന്ന സന്ദേശം പൊലീസിനു അന്നേ നല്‍കിയിരുന്നെങ്കില്‍ ഈയടുത്ത കാലത്ത് നടത്തിയ പല അതിക്രമങ്ങള്‍ക്കും മുമ്ബ് പൊലീസിന് ഇത്തിരി കൈ വിറച്ചേനെ.അതൊന്നും നടക്കാത്തത് എന്തുകൊണ്ടാവും?
പൊലീസിന്റെ മനോവീര്യം കളയാതിരിക്കലാണ് ഒരു ജനകീയ സര്‍ക്കാറിന്റെ മുന്തിയ ധര്‍മ്മം എന്നുള്ള തെറ്റായ ധാരണ തന്നെ പ്രധാന വില്ലന്‍. അതിക്രമങ്ങള്‍ നടത്തുന്ന പൊലീസുകാര്‍ക്ക് എതിരെ കര്‍ശന നടപടി എടുത്താല്‍ പൊലീസ് സേനയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടാക്കാനാവുമെന്ന ഭീതി, സര്‍ക്കാര്‍ മര്‍ദ്ദനോപകരണമായി പൊലീസിനെ എന്നും കൊണ്ടുനടക്കേണ്ടതുണ്ട് എന്ന തോന്നല്‍, പ്രശ്നങ്ങളില്‍ പെട്ടാല്‍ പൊലീസിനെ സംരക്ഷിക്കലാണ് സര്‍ക്കാറിന്റെ പ്രധാന കടമ എന്നുള്ള വിവരം കെട്ട തോന്നല്‍, ഭരണാധികള്‍ക്ക് മേല്‍ ചില പൊലീസ് ഉദ്യോഗ്സ്ഥര്‍ക്കുള്ള സ്വാധീനം, പൊലീസ് ഉദ്യോഗസ്ഥരുടെ ഉപദേശങ്ങള്‍ കേള്‍ക്കണമെന്ന ചില ഭരണാധികാരികളുടെ അവബോധം. ഇങ്ങനെ പലതുമുണ്ട് എന്ത് തോന്ന്യാസം കാണിച്ചാലും പൊലീസിനെ സംരക്ഷിക്കണമെന്ന തീരുമാനങ്ങള്‍ക്ക് പിറകില്‍.ഏറ്റവും താഴെ കിടയിലുള്ള, ചോദിക്കാനും പറയാനും ആരുമില്ലാത്ത മനുഷ്യരായിരിക്കും പലപ്പോഴും എല്ലാറ്റിന്റെയും ഇരകള്‍. അവരെ കണ്ടില്ലെന്ന് നടിക്കാന്‍ എളുപ്പമാണ്. പ്രത്യേകിച്ചൊന്നും നേരിടേണ്ടി വരില്ല. അങ്ങനെ വന്നാലും അടിച്ചമര്‍ത്താനോ പുച്ഛിച്ചു തള്ളാനോ, അവഗണിക്കാനോ എളുപ്പമാണ്. സമരങ്ങളെ സാങ്കേതിക ചൊട്ടു വിദ്യകള്‍ കൊണ്ടോ, നടപടികള്‍ ഉണ്ടാവാത്ത അന്വേഷണ പ്രഹസനങ്ങള്‍ കൊണ്ടോ എളുപ്പം കൈകാര്യം ചെയ്യാനുമാവും. ഇടത് വലത് മുന്നണികള്‍ മാറി മാറി ഭരിക്കുന്ന കലാപരിപാടി ഉള്ളതിനാല്‍ പ്രതിപക്ഷമെങ്ങാന്‍ വല്ല ഒച്ചപ്പാടും ഉണ്ടാക്കിയാല്‍ മുന്‍ ചെയ്തികള്‍ വെച്ച്‌ അവരെ കൈകാര്യം ചെയ്യാന്‍ ഭരണ പക്ഷത്തിനുള്ള സൗകര്യവും ഇത്തരം നിലപാടുകള്‍ക്ക് കാരണമാവുന്നു.
ശ്രീജിത്ത് പ്രശ്നത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് പോലെ, ഇതൊക്കെ മന്ത്രി തലത്തില്‍ ഉണ്ടാവുന്ന തീരുമാനങ്ങള്‍ കാരണം ആവണമെന്നില്ല. സ്വന്തം ചോരയോട് കൂറുള്ള പൊലീസ് ഉന്നതര്‍ കാണിക്കുന്ന സൂത്രങ്ങളോ ചില ഉന്നതരുടെ ആസൂത്രിത പ്ലാനുകളോ മറച്ചു വെക്കലുകളോ ഇവയൊന്നും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ ഭരണ നേതൃത്വം പുലര്‍ത്തുന്ന അലംഭാവമോ ഒക്കെയാവാം ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാവുന്നത്. അത് അംഗീകരിച്ച്‌ യഥാസമയം തിരുത്തല്‍ നടപടി കൈ കൊള്ളുന്നതിനു പകരം അക്കാര്യം ചൂണ്ടിക്കാട്ടുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കാനും അര്‍ദ്ധസത്യങ്ങളും കള്ളങ്ങളും വേണ്ട വിധം വിളമ്ബി പ്രശ്നങ്ങളില്‍ നിന്നും താല്‍ക്കാലിക രക്ഷ നേടാനും ശ്രമിക്കുന്നതാണ് ഏറ്റവും അപകടകരം.
അതിനാല്‍, ശത്രുവിനെ പോലെ ഈ ചെറുപ്പക്കാരനെ കാണാതിരിക്കുക. അവന്റെ വിശ്വാസ്യത തകര്‍ക്കും വിധം ആക്രമിച്ച്‌ ഇല്ലാതാക്കാതിരിക്കുക. അവന്റെ സമരത്തെ സാങ്കേതിക കുരുക്കുകളില്‍ വീണ്ടും പെടുത്തി പരാജയപ്പെടുത്താതിരിക്കുക.അങ്ങനെ ചെയ്താല്‍ അതൊരു താല്‍ക്കാലിക വിജയം മാത്രമാവും നിങ്ങള്‍ക്ക്. പക്ഷേ ഒരു പാട് മനുഷ്യരുടെ നീതിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മേല്‍ വന്നു വീഴുന്ന ഒരിക്കലും പരിഹരിക്കാനാവാത്ത പരാജയം ആയിരിക്കുമത്. തോല്‍ക്കുന്നത് ശ്രീജിത്ത് മാത്രം ആവില്ല. നെറികേടുകള്‍ക്കെതിരെ ചൂണ്ടുവിരലായി ഭാവിയില്‍ സ്വയം ഉയരാനിടയുള്ള അനേകം മനുഷ്യര്‍ കൂടി ആയിരിക്കും.

No comments:

Post a Comment