Thursday 25 January 2018

മലയാളത്തിന്റെ ചിരിക്കുടുക്ക വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് രണ്ട് വര്‍ഷം

സിനിമാ പ്രേമികളെ ഒന്നടങ്കം ചിരിപ്പിക്കുന്ന മലയാളത്തിന്റെ സ്വന്തം ചിരിക്കുടുക്ക വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് രണ്ട് വര്‍ഷം. നാട്ടിന്‍പുറത്തുകാരിയായും, പൊങ്ങച്ചക്കാരിയായ സൊസൈറ്റി ലേഡിയായും, വേലക്കാരിയായും, പോലീസുകാരിയായും കല്‍പ്പന പകര്‍ന്നാടിയ വേഷങ്ങള്‍ മലയാളികള്‍ക്ക് ഇന്നും പ്രിമാണ്. ഹാസ്യം ഇത്രത്തോളം തന്‍മയത്വത്തോടെ അവതരിപ്പിച്ച നായികമാര്‍ മലയാളത്തില്‍ അധികമില്ലെന്നു വേണം പറയാന്‍. വിടവാങ്ങി രണ്ട് വര്‍ഷം തികയുമ്ബോഴും മലയാളികള്‍ക്ക് എന്നും പ്രിയമാണ് നടി കല്‍പ്പനയെ.
താന്‍ സുന്ദരിയല്ല എന്ന് കല്‍പ്പന കൂടെ കൂടെ പറയുമായിരുന്നു. എന്നാല്‍ പാവത്തുങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലെ തമ്ബുരാനെയെന്ന് കല്‍പ്പന പറഞ്ഞുവച്ചത് ഇന്നും പ്രേക്ഷകര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. സൗന്ദര്യത്തിനപ്പുറം ആ മുഖത്ത് വിരിഞ്ഞ ഹാസ്യഭാവങ്ങളാണ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചത്. അതിനൊത്ത ശബ്ദവിന്യാസങ്ങളോടെ കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് അവര്‍ പകര്‍ന്നാട്ടം നടത്തി.പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനിയും, ഡോ പശുപതിയിലെ യുഡിസി കുമാരിയും കാബൂളിവാലയിലെ ചന്ദ്രികയും പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ പൊന്നമ്മയും കല്‍പ്പനയ്ക്ക് മാത്രം യാതാര്‍ത്ഥ്യമാക്കാന്‍ സാധിച്ച കഥാപാത്രങ്ങളായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നടയിലും കല്‍പ്പന തിളങ്ങി.തൊണ്ണൂറുകളിലെ ജഗതി കല്‍പ്പന ജോഡിയുടെ ഹാസ്യ രംഗങ്ങള്‍ മറക്കാനാവില്ല. മലയാളത്തെ ഇത്രമേല്‍ സുന്ദരമായി ഹാസ്യത്തിന്റെ വെള്ളിരേഖയില്‍ കെട്ടിയിട്ട മറ്റൊരു ജോഡിവേറെയില്ല. മലയാളിക്ക് ഒരു നേര്‍ത്ത ചിരിയോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയാത്ത മുഖമാണ് കല്‍പ്പനയുടേത്. വിടരുന്ന മൊട്ടായി തുടങ്ങി ആ അഭിനയസപര്യ ചാര്‍ളിയില്‍ അവസാനിച്ചപ്പോള്‍ മലയാളത്തിന് നഷ്ടമായത് മലയാള സിനിമാ തറവാട്ടിലെ ചിരിയുടെ തമ്ബുരാട്ടിയെയാണ്.

No comments:

Post a Comment