Sunday 14 January 2018

'ശ്രീജിത്തിന്റെ സഹോദരന്റെത് പോലീസ് കസ്റ്റഡി മരണം തന്നെ; കേസ് അട്ടിമറിക്കാന്‍ പോലീസ് കള്ളത്തെളിവ് ഉണ്ടാക്കിയെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ്

ശ്രീജിത്തിന്റെ അനിയന്‍ ശ്രീജിവിന്റെ മരണം പോലീസിന്റെ ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് തന്നെയെന്ന് ഉറപ്പിച്ച്‌ പറഞ്ഞ് ജസ്റ്റിസ് നാരായണക്കുറുപ്പ്. ശ്രീജിവിന്റെ കേസ് പരിഗണിച്ച മുന്‍ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി ചെയര്‍മാനായിരുന്നു ജസ്റ്റിസ് നാരായണക്കുറുപ്പ്. അന്നത്തെ തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇതു മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. കസ്റ്റഡി മരണം മറച്ചുവെയ്ക്കാന്‍ പോലീസ് കള്ളത്തെളിവ് ഉണ്ടാക്കി. അന്നു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും നാരായണക്കുറിപ്പ് വ്യക്തമാക്കി.
അതിനിടെ, ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കത്തുനല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംഭവത്തിന് ഉത്തരവാദികളായ പോലീസുകാര്‍ ശിക്ഷാ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണമോ പോലീസുകാര്‍ക്കെതിരായ നടപടിയോ ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചാല്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കാനും തയ്യാറാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിയിച്ചു.
കേസ് സിബിഐക്ക് വിടാന്‍ കഴിഞ്ഞ ജൂണിലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന് ഡിസംബര്‍ 12ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കുകയായിരുന്നു.അതേസമയം, സഹോദരന്‍ ശ്രീജിവിനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച്‌ കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ സമരം 765ാം ദിനം പിന്നിടുകയാണ്. പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പോലീസുകാര്‍ ലോക്കപ്പില്‍ വച്ച്‌ മര്‍ദ്ദിച്ചു കൊന്നത്. സംഭവത്തില്‍ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിട്ടും പോലീസുകാര്‍ക്കു എതിരെ നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹാര സമരം ആരംഭിച്ചത്..

No comments:

Post a Comment