Wednesday 27 December 2017

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരു കൂട്ടം സിനിമകളുമായി മലയാളം


പുതുവര്‍ഷം നിറയെ സിനിമകളുമായാണ് മലയാള സിനിമ നമ്മെ വരവേല്‍ക്കാനൊരുങ്ങുന്നത് . മമ്മൂട്ടിയും മോഹന്‍ലാലിന്റെ മകനും തമ്മിലുള്ള ബോക്സോഫീസ് പോരാട്ടമാണ് പുതുവര്‍ഷാരംഭത്തില്‍ സിനിമാസ്വാദകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സും പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിയും ഉള്‍പ്പെടെ ഒരു ഡസനോളം ചിത്രങ്ങള്‍ ജനുവരിയില്‍ തിയേറ്ററുകളിലെത്തും.പ്ളേ ഹൗസ് മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ കാമറാമാന്‍ ഷാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്സും ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിച്ച്‌ ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആദിയും ജനുവരി 26നാണ് തിയേറ്ററുകളിലെത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സ്ട്രീറ്റ് ലൈറ്റ്സ് ഒരേ സമയം റിലീസാകും. മമ്മൂട്ടിക്കൊപ്പം മൂന്ന് ഭാഷകളിലെയും താരങ്ങള്‍ ചിത്രത്തിലണിനിരക്കുന്നുണ്ട്.
പ്രണവ് മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന ആദിയില്‍ അതിഥി രവിയും അനുശ്രീയുമാണ് നായികമാര്‍. സിദ്ദിഖ്, ലെന തുടങ്ങിയവരും താര നിരയിലുണ്ട്.ജയറാമിനെ നായകനാക്കി സലിംകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഫണ്‍ ഫാന്റസി ഫാമിലി എന്റര്‍ടെയ്നറായ ദൈവമേ കൈതൊഴാം ഗ. കുമാറാകണം ജനുവരി 12ന് തിയേറ്ററുകളിലെത്തും. നെടുമുടി വേണുവാണ് ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുശ്രീയാണ് നായിക.
കുഞ്ചാക്കോ ബോബന്‍, സിദ്ദിഖ്, നൈല ഉഷ, നെടുമുടി വേണു, വിനായകന്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനില്‍ രാധാകൃഷ്ണമേനോന്റെ ദിവാന്‍ജി മൂല ഗ്രാന്റ് പ്രി(ക്സ്) ആണ് മറ്റൊരു ജനുവരി റിലീസ്. അനില്‍ രാധാകൃഷ്ണമേനോനും 'കളക്ടര്‍ ബ്രോ' പ്രശാന്ത് നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ബിജു മേനോന്റെ ബിഗ് ബഡ്ജറ്റ് ചിത്രം റോസാപ്പൂ ജനുവരി 18ന് തിയേറ്ററുകളിലെത്തും.
തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് നിര്‍മ്മിച്ച്‌ വിനു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന റോസാപ്പൂവില്‍ നീരജ് മാധവ്, വിജയരാഘവന്‍, സലിംകുമാര്‍, സൗബിന്‍ ഷാഹിര്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുധീര്‍ കരമന തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. അഞ്ജലിയാണ് നായിക.ദേശീയ അവാര്‍ഡ് ജേതാവായ എഡിറ്റര്‍ ബി. അജിത് കുമാര്‍ സംവിധായകനാകുന്ന ഈടയാണ് പുതുവര്‍ഷത്തിലെ ആദ്യ റിലീസ്. കളക്ടീവ് ഫേസ് വണ്‍, ഡെല്‍റ്റ സ്റ്റുഡിയോ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ജനുവരി 5ന് എല്‍.ജെ. ഫിലിംസ് തിയേറ്ററുകളിലെത്തിക്കും. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത കൃതിയായ റോമിയോ ആന്‍ഡ് ജൂലിയറ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ബി.അജിത്കുമാര്‍ തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗമും നിമിഷ സജയനുമാണ് നായകനും നായികയുമാകുന്നത്.രാജീവ് രവിയുടെ അസിസ്റ്റന്റായിരുന്ന പപ്പുവാണ് മലബാറിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ പ്രണയ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്. അലന്‍സിയര്‍, മണികണ്ഠന്‍ ആചാരി, സുജിത് ശങ്കര്‍, പി. ബാലചന്ദ്രന്‍ തുടങ്ങിയവരും ഈടയിലെ താരനിരയിലുണ്ട്.നവാഗതനായ ജുബിത്നമ്രദത്ത് സംവിധാനം ചെയ്യുന്ന ആഭാസവും ജനുവരിയില്‍ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ്. സുരാജ് വെഞ്ഞാറമൂടും അലന്‍സിയറും റിമാ കല്ലിംഗലുമാണ് ആഭാസത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

No comments:

Post a Comment