Sunday 31 December 2017

പാല്‍ കസ്റ്റഡിയില്‍; മില്‍മയുടെ ആഷിക് അബു പരസ്യ ചിത്രം പ്രതിക്കൂട്ടില്‍

Image result for ashiq abu
 പാല്‍ കസ്റ്റഡിയില്‍ എന്ന പേരില്‍ മില്‍മയ്ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യം പ്രതികൂട്ടില്‍. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പരസ്യത്തിനെതിരേ രംഗത്തുവന്നു. പോലീസ് സ്റ്റേഷന്‍ പശ്ചാത്തലമാക്കി തയ്യാറാക്കിയ പരസ്യചിത്രത്തില്‍ ഗാന്ധിജിയുടെ ചിത്രം ദുരുപയോഗിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പരസ്യത്തിനെതിരെ പരാതി.
1950ലെ ചിഹ്ന നാമ ആക്‌ട് പ്രകാരം പരസ്യ ആവശ്യങ്ങള്‍ക്ക് ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. പരസ്യത്തില്‍ പോലീസ് സ്റ്റേഷനിലെ ഭിത്തിയില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഈ നിയമത്തിന് എതിരാണെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. പോലീസ് സ്റ്റേഷനാണെന്ന ധാരണ ഉളവാക്കാനാണ് ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ ഏതു വിധത്തിലുള്ള ഗാന്ധിജിയുടെ ചിത്രവും പരസ്യ ആവശ്യത്തിനുപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നു ഫൗണ്ടേഷന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അടിയന്തിരമായി പരസ്യം പിന്‍വലിക്കുകയോ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഭാഗം പരസ്യത്തില്‍ നിന്നും ഒഴിവാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മില്‍മയ്ക്ക് കത്തയച്ചതായി ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.മില്‍മ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ആഷിക് അബു സംവീധാനം ചെയ്തു ഫഹദ് ഫാസിലും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ പരസ്യം 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയുടെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്.നേരത്തെ ഒരു സ്വര്‍ണ്ണ വ്യാപാര സ്ഥാപനം ചലചിത്ര നടന്‍ മാധവനെ നായകനാക്കി പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു ചിത്രീകരിച്ച പരസ്യം ഫൗണ്ടേഷന്റെ പരാതിയെ തുടര്‍ന്നു പിന്‍വലിച്ചിരുന്നു.

No comments:

Post a Comment