Sunday 31 December 2017

മണിയന്‍പിള്ള മുതല്‍ ആട് വരെ

മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ കഴിയുന്നു , ബി.സന്തോഷ് കുമാര്‍ എന്ന ബൈജു ക്യാമറയ്ക്ക് മുന്നില്‍ എത്തിയിട്ട്.1982ല്‍ പത്താം വയസ്സില്‍ ബാലചന്ദ്രമേനോന്റെ 'മണിയന്‍ പിള്ള അഥവ മണിയന്‍ പിള്ള' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ ബൈജുവോ ബാലചന്ദ്രമേനോനോ ഓര്‍ത്ത് കാണുവോ നാലു പതിറ്റാണ്ടിലേയ്ക്ക് നീളുന്ന അഭിനയ സപര്യയുടെ ഒരു തുടക്കമാണതെന്നു ?മലയാള സിനിമയ്ക്കൊപ്പം അല്ലെങ്കില്‍ സിനിമയിലൂടെ വളര്‍ന്ന ഒരു താരമാണ് ബൈജു. സുധീഷ്,ഇടവേള ബാബു , അശോകന്‍ ,വിജയകുമാര്‍ എന്ന സമകാലീനരൊക്കെ ടീനേജിന്റെ അവസാനം മുതലാണു സിനിമയിലെത്തിയത് പക്ഷെ ബൈജു എന്ന നടന്‍ ഇത്രയും വര്‍ഷങ്ങളില്‍ അഭിനയിച്ചതില്‍ ബാല്യത്തിന്റെ നിഷ്കളങ്കതയും, കൗമാരത്തിന്റെ കുസൃതികളും, യൗവ്വനത്തിന്റെ ആവേശങ്ങളും, മദ്ധ്യവയസ്സിന്റെ പക്വതകളുമൊക്കെയുണ്ടായിരുന്നു.എടുത്ത് പറയേണ്ട പ്രത്യേകതകളില്‍ ഒന്നു എല്ലാ പ്രായങ്ങളിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു എന്നതാണ് . ഇപ്പോള്‍ തീയറ്ററുകളില്‍ വിജയകരമായി ഓടി കൊണ്ടിരിക്കുന്ന ആട് 2 വിലെ ഉതുപ്പ് വരെ എത്തി നില്‍ക്കുന്നു . സഖാവിലെ ഗരുഡന്‍ കങ്കാണി പിറകോട്ട് പോയാല്‍ പടയപ്പയും,പ്രേമന്‍ വക്കീലും,കണ്ണപ്പനും,മമ്മൂസും,സണ്ണി തോമസും, ദാസപ്പനും,മനോജും,തളത്തില്‍പ്രകാശനും,വിനയനും,ഗോപുവും,,ബിജുവൊക്കെയായി ഒട്ടനവധി കഥാപാത്രങ്ങള്‍.അര്‍ഹിക്കുന്ന ഉയരങ്ങളിലേയ്ക്ക് അദ്ദേഹം ഇനിയും എത്തിയോ എന്നറിയില്ല . ചെറുതായാലും വലുതായാലും ഒരു സീനില്‍ വന്ന് മറയുന്നതായാലും പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച കുറച്ചു നല്ല നടന്മാരുടെ കൂട്ടത്തില്‍ ബൈജു എന്ന നടാനുമുണ്ട്.ഇടയ്ക്ക് എപ്പോഴോ ഒരു തോക്കു കേസില്‍ പെട്ടതൊക്കെ ബൈജു എന്ന നടന്റെ കരിയറിനെ ഒന്നു പിറകോട് തള്ളിയിരുന്നു.പക്ഷേ മലയാള സിനിമയുടെ ചരിത്രത്തില്‍ തീര്‍ച്ചയായും രേഖപ്പെടുത്തേണ്ട പേരുകളില്‍ ഒന്നാണു ബൈജുവിന്റേത് . ഒരു നല്ല നടന്‍ എന്നതിനൊപ്പം സിനിമയിലൂടെ ജീവിച്ച്‌ വളര്‍ന്ന ലോകസിനിമയിലെ തന്നെ അപൂര്‍വ്വം ചിലരില്‍ ഒരാള്‍. 2018 ലും കൈ നിറയെ ചിത്രങ്ങളാണ് ബൈജു എന്ന താരത്തെ കാത്തിരിക്കുന്നത് . മലയാള സിനിമയിലെ പുതിയ നല്ല മാറ്റങ്ങള്‍ക്കൊപ്പം ബൈജു എന്ന നടന്‍ ഇനിയും ഇവിടെ നിറഞ്ഞു നില്‍ക്കട്ടെ ,ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മികച്ച കഥാപാത്രങ്ങളിലൂടെ...

No comments:

Post a Comment